Padmasree,Parakkottil lane,Patturaikkal, Thiruvambadi P O, Thrissur.Kerala, 680022 South India
0487-2320230,9846088468
GOUTY ARTHRITIS I ഗൗട്ട് സന്ധിരോഗം.

ഗൗട്ട് സന്ധിവേദന(Gout Joint Pain, Gouty Arthritis).

Dr.Santhosh Babu M R,

Senior Medical Consultant(PM&R)

എന്താണ് ഗൗട്ട്

               പെട്ടെന്നുണ്ടാകുന്ന അതിശക്തമായ സന്ധിവേദനയും സന്ധിവീക്കവുമായാണ് ഗൗട്ടിൻ്റെ തുടക്കം(Gout joint pain or Gouty Arthritis).കാലിൻ്റെ പെരുവിരലിൻ്റെ ആദ്യ സന്ധിയിലാണ് സാധാരണ കാണുകയെങ്കിലും മിക്കസന്ധികളെയും ഈ രോഗം ആക്രമിക്കാറുണ്ട്.പുരുഷന്മാരെയും മാസക്കുളി നിന്ന സ്ത്രീകളെയുമാണ് ഗൗട്ടിൻ്റെ കൂടുതൻ സന്ധിവേദന അലട്ടുക. ചിലരിൽ ഇതോടൊപ്പം കിഡ്നി കല്ലുകളും വരാം.പല സന്ധികളിലും ചെവിയുടെ പുറത്തും 'ടോഫൈ' (TOPHI)എന്നറിയപ്പെടുന്ന മുഴകളും ചിലരിൽ കാണാം.

gout-joint pain-tophi-elbow

അൽപ്പം ചരിത്രം

              മനുഷ്യചരിത്രത്തോളം പഴക്കമുള്ള അസുഖമാണ് ഗൗട്ട്. 2640 BCയിൽ ഈജിപ്തുകാരിലാണ് ഈ രോഗം ആദ്യമായി വിശദീകരിച്ചത്. പ്രാചീന കാലത്ത് മലദൈവങ്ങളുടെ കോപവും ശാപവുമാണ് ഈ സന്ധിവേദനക്കു കാരണമായി വിശ്വസിച്ചിരുന്നത്. 'നടക്കുവാൻ കഴിയാത്ത രോഗം' എന്ന് അഞ്ചാം നൂറ്റാണ്ടിൽ ഹിപ്പോക്രാറ്റസ്( Hippocrates) ഗൗട്ടിനെ വിശേഷിപ്പിച്ചു. യൂറിക്കാസിഡിൻ്റെ(Uric Acid) പരലുകൾ അഥവാ ക്രിസ്റ്റലുകൾ സന്ധിയിലോ(Gout joint pain) വൃക്കകളിലോ നിക്ഷേപിക്കപ്പെടുന്നതാണ് ഗൗട്ടിൻ്റെ കാരണം എന്നു പിൽക്കാലത്ത് കണ്ടുപിടിച്ചു. എന്നാൽ യൂറിക്കാസിഡല്ലാത്ത ചില രാസവസ്തുക്കളുടെ പരലുകളും ഇതേ ലക്ഷണങ്ങൾ ഉണ്ടാക്കാറുണ്ട്(സ്യൂഡോഗൗട്ട്).

Hippocrates gout

Hippocrates

ഭക്ഷണവും ജീവിത രീതിയും

          അമിതവണ്ണം, മദ്യപാനം, വ്യായമരഹിതമായ ജീവിതം, കൂടുതൽ യൂറിക്കാസിഡടങ്ങിയ മാംസാഹാരഭക്ഷണരീതി, പാരമ്പര്യം, ചില മരുന്നുകൾ എന്നിവയെല്ലാം ഗൗട്ടിന് കാരണമാക്കാറുണ്ട്. ചുവന്ന മാംസത്തിൽ പ്യൂരിൻ അമിതമായി അടങ്ങിയിരിക്കുന്നു. ഇത് പതിവായി കഴിക്കുന്നവർക്ക് ഗൗട്ട് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഗൗട്ടിന് കാരണമാവുന്ന പ്രധാനപ്പെട്ട മറ്റൊരു കാരണമാണ് ബിയർ. 

          മാംസ കൊഴുപ്പിലും വിവിധയിനം യീസ്റ്റ് ഉപയോഗിച്ചുള്ള വിഭവങ്ങളിലും പ്യൂരിൻ ധാരാളമുണ്ട്. ബ്രെഡ്, കേക്ക്, ബിയർ, മദ്യം, മൃഗങ്ങളുടെ അവയവ ഭാഗങ്ങളായ കരൾ, ബ്രെയ്ൻ ഇവ ഒഴിവാക്കണം. ടിന്നിലടച്ച ഭക്ഷണങ്ങൾ, കോള എന്നിവ നിയന്ത്രിക്കണം. ഇവയ്ക്ക് പകരം മിതമായ പ്രോട്ടീൻ, നാരുകൾ, തവിടുകൾ എന്നിവ കൂടുതൽ അടങ്ങിയ ആഹാരം, കൊഴുപ്പുകുറഞ്ഞ ഭക്ഷണങ്ങൾ എന്നിവ ശീലമാക്കണം. ഭക്ഷണക്രമീകരണം, വ്യായാമം ഇവ ശീലിച്ച് അമിത ശരീരഭാരം കുറയ്ക്കണം. ധാരാളം വെള്ളവും കുടിക്കണം. 

സ്ഥിരമായി മരുന്ന് കഴിക്കണോ?

         ഇടക്കിടെ വന്നു പോകുന്ന രീതിയാണ് കൂടുതൽ പേരിലും കാണുക. അതു കൊണ്ട് തന്നെ സ്ഥിരമായി മരുന്നുകഴിക്കേണ്ട ആവശ്യമില്ല. പാർശ്വഫലങ്ങൾ കൂടുതലായതിനാൽ പൊതുവേ യൂറിക്കാസിഡു കുറയാനുള്ള മരുന്നുകളും ആവശ്യമില്ല. പലയാവർത്തി പേടിച്ച് യൂറിക്കാസിഡ് പരിശോധന അനാവശ്യമാണ്. ആരോഗ്യകരമായ ജീവിതശൈലിയും ശല്യമുള്ളപ്പോൾ മികച്ച ഹൃസ്വകാലചികിത്സയുമേ ഗൗട്ടിന് വേണ്ടു. ഇത് അംഗവൈകല്യം ഉണ്ടാക്കുന്ന ഗുരുതര സന്ധിരോഗങ്ങളിൽ പെടുന്നില്ല.

യൂറിക്കാസിഡ് കുഴപ്പക്കാരനോ?

gouty-foot-with-uric-acid-crystals-min

           

             കൊളസ്റ്ററോളിനെ പോലെ ചിലർ രക്തത്തിലെ യുറിക്കാസിഡിനെ ഭയപ്പെടുന്നു.സാധരണഗതിയിൽ ആരോഗ്യമുള്ളവരിൽ ഉയർന്ന യുറിക്കാസിഡ് കുഴപ്പമൊന്നും ഉണ്ടാക്കാറില്ല.ചിലരിൽ ഗൗട്ട്( GOUT) എന്ന മുകളിൽ വിവരിച്ച സന്ധിവേദന ഉണ്ടാകാറുണ്ട്. ഇത് അത്ര സാധരണയല്ല. സ്ത്രീകളെ ഗൗട്ട് അലട്ടാറില്ല.ഇതു കൊണ്ടു തന്നെ മാസക്കുളിയുള്ള സ്ത്രീകൾ യൂറിക്കാസിഡ് നോക്കുകയോ അതിനു വേണ്ടി മരുന്നുകഴിക്കുകയോ വേണ്ട.സന്ധിവേദനയുണ്ടാകാം എന്നല്ലാതെ ഗൗട്ട് സ്ഥിരമായ ചലനവൈകല്ല്യം ഉണ്ടാക്കാറില്ല.യൂറിക്കാസിഡ് മൂത്രക്കല്ലുണ്ടാക്കുന്നതും സാധാരണയല്ല. ഉയർന്ന യുറിക്കാസിഡുള്ളവർ മാംസാഹരവും മദ്യവും മാത്രമേ ഒഴിവാക്കേണ്ടതുള്ളു.യൂറിക്കാസിഡ് കുറക്കാനുപയോഗിക്കുന്ന ചിലയിനം മരുന്നുകൾ ഹൃദ്രോഗസാദ്ധ്യത കൂട്ടുന്നതായി ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നു. അതു കൊണ്ടു തന്നെ വിദഗ്ദ്ധ ഡോക്ടറുടെ നിർദ്ദേശത്തിൽ മാത്രമേ യൂറിക്കാസിഡ് ചികിത്സിക്കാവൂ.ഓർക്കുക യൂറിക്കാസിഡ് നമ്മുടെ ശരീരമുണ്ടാക്കുന്ന മിത്രമാണ്, പൂർണ്ണ ശത്രുവല്ല!

മറ്റുരോഗങ്ങളുടെ അപായ സൂചനകൾ.

  • എല്ലാ സന്ധികൾക്കും വേദനയോ നീരോ നടക്കാൻ കൂടുതൽ പ്രയാസമോ.
  • പരിക്കിനേ തുടർന്നുള്ള വേദന.
gout-joint-pain-septic-arthritis

Septic Arthritis

  • സന്ധിയിൽ അണുബാധ.
  • പദത്തിനടിയിൽ വൃണങ്ങൾ .
  • എക്സറേ പരിശോധനയിൽ അസ്ഥിക്കോ സന്ധിക്കോ തകരാർ.
  • രക്ത പരിശോധനയിൽ മറ്റു സന്ധിരോഗങ്ങളുടെ തകരാറുകൾ.
  • കാലിലെ മറ്റു സന്ധികൾ ചലിപ്പിക്കാൻ തുടർച്ചയായി കഴിയാതെ വരിക.
  • ബലക്കുറവ്.
  • ഉയർന്ന ബ്ള്ഡ് ഷുഗർ.
  • ഇരു വശത്തും ഒരുപോലെ സന്ധിവേദന.
  • മാസക്കുളിയുള്ള സ്ത്രീകളിലും കുട്ടികളിലുമുള്ള സന്ധിവേദന.

    Leave a Reply

    Your email address will not be published. Required fields are marked *

    Call Now