" ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കൈക്കുഴയിൽ പെരുവിരലിനു തുടക്കത്തിൽ ഉണ്ടാകുന്ന വേദനയാണ് ഡിക്യുർവൻ കൈക്കുഴ വേദന ". കൂടുതൽ വായിക്കുക
Dr.Santhosh Babu M R
Senior Medical Consultant(PM&R)
കൈക്കുഴ വേദന (WRIST PAIN) പല കാരണങ്ങൾ കൊണ്ടുണ്ടാകാം. പരുക്ക്, അണുബാധ, സന്ധിവാതം, അമിതജോലി എന്നിവയെല്ലാം കാരണങ്ങളാണ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കൈക്കുഴയിൽ പെരുവിരലിനു തുടക്കത്തിൽ ഉണ്ടാകുന്ന വേദനകളാണ് ഡിക്യുർവൻ കൈക്കുഴ വേദന. അതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ആർക്കൊക്കെ വരാം?
ഡിക്യുർവൻ കൈക്കുഴ വേദന (DE QUERVEIN’S TENOSYNOVITIS) എന്നാൽ കൈക്കുഴക്ക് പുറം വശത്തു പെരുവിരലിനു താഴെ കാണുന്ന വേദനയാണ്. കൈകൊണ്ട് ആയാസകരമായി ജോലികളിൽ നിത്യവും ഏർപ്പെടുന്ന മുതിർന്നവരിൽ ആർക്കുവേണമെങ്കിലും വരാം. മദ്ധ്യവയസ്കരായ സ്ത്രീകളെയാണ് ഈ രോഗം കൂടുതൽ അലട്ടുക. കുട്ടികളിൽ ഇത്തരം കൈക്കുഴ വേദന കാണാറില്ല. തൊഴിലുമായിട്ടുള്ള ബന്ധം ഗവേഷണങ്ങളിൽ സ്ഥിരീകരിക്കാനായിട്ടില്ല. എന്നാൽ വീട്ടമ്മമാർ, അടുക്കള ജോലിക്കാർ, പാചക പണിക്കാർ എന്നിവരിൽ ഇത്തരം കൈക്കുഴ വേദന കൂടുതലാണ്. ശുചീകരണ തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ, കർഷകർ, കെട്ടിടം പണിക്കാർ, ആശാരി, കൊല്ലൻ, കൊത്തൻ, ഇലക്ട്രിഷൻ, പെയിൻറിംഗ് ജോലിക്കാർ എന്നിവരെല്ലാം ഈ പ്രശ്നവുമായി ബുദ്ധിമുട്ടാറുണ്ട്. ഗർഭിണികളിൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
സന്ധിവാത രോഗമുള്ളവരിലും, പ്രമേഹമുള്ളവരിലും പ്രത്യേകിച്ച് ഒരു കാരണവും കൂടാതെയും ഡിക്യുർവൻ കൈക്കുഴ വേദന ഉണ്ടാകാം. ചെറുതും വലുതുമായ കൈക്കുഴയിലെ പരിക്കുകൾ കഴിഞ്ഞ് വേദന മാറാതെ നിൽക്കുമ്പോൾ ഡിക്യുർവൻ കൈക്കുഴ വേദന സംശയിക്കാം.
എന്തൊക്കെയാണ് ലക്ഷണങ്ങൾ?
കൂടുതൽ കാലം കൈക്കുഴ വേദന, അസുഖം ഉള്ള കൈ കൊണ്ട് ജോലി ചെയ്യാൻ പ്രയാസം എന്നിവയാണ് ഡിക്യുർവൻ കൈക്കുഴ വേദനയുടെ ലക്ഷണങ്ങൾ. പെട്ടെന്ന് ഈ രോഗം വരാറില്ല. ക്രമേണ പ്രത്യക്ഷപ്പെടും. കൈക്കുഴക്ക്(WRIST) വശത്തായി കുറച്ചു നീരു കാണാം. ഞെക്കിയാലോ അവിടെ തട്ടിയാലോ നല്ല വേദന അനുഭവപ്പെടും. രാവിലെ കൈ നിവർക്കാൻ കുറച്ചു പ്രയാസം തോന്നാം. ഏതെങ്കിലും ഉപകരണം കൈകാര്യം ചെയ്യാനും വേദന കാണും. ഷേവ് ചെയ്യാനും, ഡോർ ഹാൻഡിലെ തിരിക്കാനും ബുദ്ധിമുട്ടു തോന്നാം. തുടയ്ക്കാനും, തൂക്കാനും, കാപ്പി കപ്പ് പിടിക്കാനും വരെ ക്രമേണ വേദനയാകും. പെരുവിരൽ മടക്കാൻ വേദന തോന്നാം ചില വശങ്ങളിലേക്കായിരിക്കും കൂടുതൽ ബുദ്ധിമുട്ട്.
എന്താണ് ഡിക്യുർവൻ കൈക്കുഴ വേദന ?
ഈ അവസ്ഥയുടെ മെഡിക്കൽ നാമം DE QUERVEIN’S TENOSYNOVITIS എന്നാണ്. പെരുവിരലിൻറെ ചലനം നിയന്ത്രിക്കുന്ന രണ്ടു ടെൻഡനുകൾ ഈ ഭാഗത്തു കൂടെ പോകുന്നുണ്ട്. ഇവയുടെ നേർത്ത ആവരണം നീര് വന്നു കട്ടിപിടിച്ചു ചുരുങ്ങന്നതാണ് ഈ അവസ്ഥക്ക് കാരണം.
പരിശോധനകളും ചികിത്സയും
എക്സറേ,സ്കാൻ, രക്തപരിശോധന എന്നിവയിൽ ഒരു കുഴപ്പവും കാണിക്കില്ല. പ്രശ്നം നിർണ്ണയിക്കാൻ സ്കാനോ, എക്സ്റേയോ ചിലവേറിയ പരിശോധനകളോ ആവശ്യമില്ല. ഡോക്ടർ നേരിട്ട് രോഗിയെ പരിശോധിച്ചാൽ അറിയാവുന്നതേ ഉള്ളു. ഇതിനായി ചില ലളിതമായ ക്ലിനിക്കൽ ടെസ്റ്റുകളും ഉണ്ട്. സാധാരണ ചികിത്സകൾ കൊണ്ട് വിട്ടു മാറില്ല എന്നതാണ് ഈ അസുഖത്തിൻറെ പ്രാധാന്യം. വേദനക്കായുള്ള ഗുളികകൾ, ലേപനങ്ങൾ എന്നിവ കൊണ്ട് ശല്യം മാറില്ല. കൈക്കുഴ അനക്കാതെ വയ്ക്കാൻ സ്പ്ലിന്റുകൾ(WRIST SPLINT) ലഭ്യമാണ്. എന്നാൽ കൈക്കുഴ ഉപയോഗിക്കാത്തതിൻറെ ചെറിയ ഒരാശ്വാസം മാത്രം തരും.
DE QUERVEIN’S TENOSYNOVITIS SPLINT
DE QUERVEIN’S TENOSYNOVITIS SPLINT
നാടൻ ചികിത്സ കൊണ്ട് കാര്യമായ നീണ്ടു നിൽക്കുന്ന പ്രയോജനം ഒന്നും ലഭിക്കാൻ ഇടയില്ല. ഫിസിയോതെറാപ്പി കൊണ്ട് താത്കാലിക ആശ്വാസം തോന്നാം. ULTRASOUND THERAPY, TENS, IFT, INFRARED എന്നീ ഫിസിയോതെറാപ്പി സങ്കേതങ്ങൾ ചികിത്സക്കായി ഉപയോഗിക്കാറുണ്ട്.
DE QUERVEIN’S TENOSYNOVITIS PHYSIOTHERAPY
LASER THERAPY
ULTRASOUND THERAPY
പരിശീലനമുള്ള ഡോക്ടർമാർ കൈക്കുഴക്ക് പുറത്തായി ചെയ്യുന്ന പ്രത്യേക കുത്തിവയ്പുകൾ വളരെ ഫലപ്രദമാണ്. വേദനയും ചിലവും കുറവാണ്. മാത്രമല്ല ലളിതവും ആശുപത്രിവാസം വേണ്ടാത്തതുമാണ്.
എന്നാൽ ഇഞ്ചക്ഷനുകൾ ആവർത്തിച്ചിട്ടും ആശ്വാസം കിട്ടുന്നില്ലെങ്കിൽ ഓപ്പറേഷൻ വേണ്ടി വന്നേക്കാം. ഇതിനായുള്ള ശസ്ത്രക്രിയയും ലളിതമാണ്. ആശുപത്രിവാസവും വേണ്ട. നിത്യ ജോലികളിലും, കായിക വിനോദങ്ങളിലും, പരിശീലന രീതികളിലും ഉള്ള തെറ്റുകൾ തിരുത്തുന്നത് ചികിത്സയുടെ ഭാഗമാണ്.
Nice one sir
Thank you for the remark mm. Shall be publishing more blogs on back pain, joint pain and diabetes. Please suggest topics you want!